04:27pm 17 September 2026
NEWS
പത്തര കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പായ എആര്‍സി
17/09/2026  02:49 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പത്തര കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച്  കെഎസ് യുഎം ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പായ എആര്‍സി

 

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍(കെഎസ് യുഎം) രജിസ്റ്റര്‍ ചെയ്ത ഗെയിമിങ് സാങ്കേതികവിദ്യാ സ്റ്റാർട്ടപ്പായ എആർസി പ്രീ-സീഡ് ഫണ്ടിങ് റൗണ്ടിലൂടെ 10.5 കോടി രൂപയുടെ നിക്ഷേപസമാഹരണം നടത്തി. ആഗോള നിക്ഷേപ സ്ഥാപനങ്ങളായ ചിമേര വിസി, മിക്സി ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ്സ് എന്നീ സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത്. മെറ്റാ അപാക് ഡയറക്ടർ ധ്രുവ് വോറ വ്യക്തിഗത നിക്ഷേപവും നടത്തി.

ജോബിൻ ജോസഫ്, കൗസ്തുഭ് കെ. ജാദവ്, അഭിരാം കൃഷ്ണ ആര്‍ എസ്, ഡാനിയല്‍ ജാക്കോണ്‍ എന്നിവരാണ് എആര്‍സിയുടെ സ്ഥാപകര്‍. രാജ്യത്തെ ഗെയിമർമാർക്ക് മികച്ച ഗെയിമിങ് അനുഭവം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 'എആർസി എക്സ്1'  എന്ന പോർട്ടബിൾ ഗെയിമിങ് സിസ്റ്റം വികസിപ്പിച്ചു വരികയാണ്.

ക്വാൽകോം സാങ്കേതികവിദ്യയുടെ കരുത്തിൽ പ്രവർത്തിക്കുന്ന എആർസി എക്സ്1, ആൻഡ്രോയിഡ് ഗെയിമുകൾ, പിസി ഗെയിമുകൾ, ക്ലൗഡ് ഗെയിമിങ് തുടങ്ങിയവയില്‍ ഒരുപോലെ പ്രവര്‍ത്തിക്കും. സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഔൾ ഒഎസ് അടക്കമുള്ള ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ സൗകര്യങ്ങളും എആര്‍സി ഇതിലൂടെ ഒരുക്കുന്നുണ്ട്.

പുതിയ മൂലധന സമാഹരണത്തിലൂടെ ഹാർഡ്‌വെയർ എൻജിനീയറിങ്, പ്രൊഡക്ട് വാലിഡേഷൻ, നിർമ്മാണം, സപ്ലൈ-ചെയിൻ എന്നിവ വേഗത്തിലാക്കാനും ഒപ്പം ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഗെയിമിങ് സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിന്റെയും വികസനം ശക്തിപ്പെടുത്താനും കമ്പനിക്ക് സാധിക്കും. വിപണിയിലെത്തുന്നതിന് മുന്നോടിയായി തന്നെ 50,000-ത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്ത വെയിറ്റ്‌ലിസ്റ്റും ക്വാൽകോമുമായുള്ള പങ്കാളിത്തവും എആർസിക്ക് മുതല്‍ക്കൂട്ടാണ്. ഹാർഡ്‌വെയർ-ഡീപ്‌ടെക് മേഖലയിൽ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്ന മുന്നേറ്റങ്ങൾ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img